വൃദ്ധസദനങ്ങളിൽ പെരുകുന്ന ശരണാർഥികൾ...
സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ വർഷം കഴിയുന്തോറും അന്തേവാസികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പതിനായിരം അന്തേവാസികളാണ് സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ പുതുതായി എത്തിപ്പെട്ടത്. വൃദ്ധസദനങ്ങൾ എന്നത് മലയാളി അത്ഭുതത്തോടെ മാത്രം കേട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.പാശ്ചാത്യൻ രാജ്യങ്ങളിൽ ഇത്തരം ഏർപ്പാടുകൾ നടക്കുന്നുണ്ടെന്നറിഞ്ഞ മലയാളി, ബന്ധങ്ങൾക്ക് വില കൽപിക്കാത്തവരാണ് പാശ്ചാത്യരെന്ന് വിധിയെഴുതുകയും ചെയ്തിരുന്നു. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ എന്ന് അത്ഭുതപ്പെടുമായിരുന്നു മലയാളി മൂന്ന് പതിറ്റാണ്ട് മുമ്പു വരെ.
അന്തരിച്ച പ്രശസ്ത കഥാകാരൻ ടി.വി കൊച്ചുബാവയുടെ വൃദ്ധസദനമെന്ന നോവൽ കേരളീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയായിരുന്നു. അങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് വൃദ്ധസദനങ്ങൾ എന്ന യാഥാർഥ്യത്തെ മലയാളി ഉൾക്കൊള്ളാൻ തുടങ്ങിയത്.
വൃദ്ധസദനങ്ങൾ ഇപ്പോൾ സാധാരണമായിരിക്കുന്നു. മലയാളി വൃദ്ധസദനങ്ങളുമായി സമരസപ്പെടാൻ തുടങ്ങിയിരിക്കുന്നു. മാത്രമല്ല, സ്വന്തം മാതാപിതാക്കളെ ഇത്തരം കേന്ദ്രങ്ങളിൽ തള്ളുന്നതിൽ ഒരു മനഃസാക്ഷിക്കുത്ത് പോലും അനുഭവപ്പെടാത്തവരായും മലയാളികൾ പുതിയ കാലത്ത് മാറിക്കഴിഞ്ഞു.
2016-17 വർഷങ്ങളിൽ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2020-21 ലെത്തിയപ്പോൾ അത് 28,788 ആയി വർധിച്ചു. സർക്കാർ നേരിട്ടുനടത്തുന്ന 16 വൃദ്ധസദനങ്ങളിലും സർക്കാർ സഹായത്തോടെ നടത്തപ്പെടുന്ന 82 വൃദ്ധസദനങ്ങളിലും അന്തേവാസികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. പണം കൊടുത്ത് ഉപയോഗിക്കുന്ന 523 വൃദ്ധസദനങ്ങളിലും വൃദ്ധജനങ്ങൾ പെരുകുകയാണ്. ..
Mirsha Saleem
3rd B. A. Economics
Al Shifa College of Arts and Science
Comments
Post a Comment