ആത്മാർത്ഥ സൗഹൃദം....ഒരു ലഹരിയാണ് _________________
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അനുഭൂതികളുടെ ഉണർത്തുപാട്ടായി മാറിയ നിമിഷങ്ങൾ....ഹൃദയത്തിൽ ഗൃഹാതുരതയുടെ തുയിലുകൊട്ടിയുണർത്തുന്ന സ്തുതികണികകൾ ...പിണക്കത്തിന്റെയും,ഇണക്കത്തിന്റെയും,പൊട്ടിച്ചിരികളുടെയും വിസരിതമായ സ്വപ്നങ്ങളുടെയും വർണ്ണശഭളമായ ചിത്രമെന്നപോലെ സൗഹൃദം നീണ്ടുപോകുന്നു.
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ സമവാക്യങ്ങളെല്ലാം പൊളിച്ചെഴുതപ്പെടുന്നു.മാറ്റത്തിന്റെ മുഴക്കം അലയടിക്കുന്ന വിഹായസ്സിൽ സൗഹൃദങ്ങളും മാറുന്ന മുഖങ്ങളായി പ്രത്യക്ഷപ്പെടുന്നു.സൗഹൃദങ്ങളുടെ ആഴത്തിലേക്ക്....പരപ്പിലേക്ക് ....മാറുന്ന മുഖങ്ങളിലേക്ക് ....തിരുത്തലുകളിലേക്ക് ഇനിയും ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു.
സൗഹൃദങ്ങൾ ഒരുകാലത്ത് ആത്മാർത്ഥതയുടെ പര്യായങ്ങളായിരുന്നു.എന്നാൽ ഇന്നത്തെ കാലത്ത് ആത്മാർത്ഥ സൗഹൃദങ്ങൾ അപൂർവ്വമായി മാറുന്നു.കാലത്തിന്റെ ചലനത്തിനിടയിലും യുവതലമുറക്ക് ലഹരി പകരുന്നവയായി സൗഹൃദങ്ങൾ പറയപ്പെട്ടിരുന്നു.എന്നാൽ മാറ്റത്തിന്റെ മാറ്റൊലിയിൽ ഇന്നുകളിലെ സൗഹൃദങ്ങൾ കാലിടറി വീണു.സുഹൃത്ത് ബന്ധത്തിന്റെ മുഖ്യഭാവം മുതലെടുപ്പ് അഥവാ ചൂഷണം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.സുഹൃത്തിന്റെ ധാരാളിത്തത്തിൽ എല്ലാവരും കണ്ണുവെക്കുമ്പോൾ സൗഹൃദത്തിന്റെ ഫലപ്രാപ്തി ജലരേഖയായി മാറുന്നു.
ചിരസ്ഥായിയായ സൗഹൃദങ്ങൾ മെനഞ്ഞെടുക്കുന്നതിൽ പഴയ തലമുറക്കുണ്ടായിരുന്ന ശുഷ്‌കാന്തി കറങ്ങിത്തിരിഞ്ഞ് ആധുനിക യുവത്വത്തിന്റെ നേർക്കെത്തുമ്പോൾ അത് വെറും പഴങ്കഥയായി മാറുന്നു.നഷ്ടപ്പെട്ടുപോയ പഴമയുടെ നൈർമ്മല്യത്തെ ഓർത്ത് അഭിനവ സൗഹൃദം നെടുവീർപ്പിടുന്നു.
പഴമയുടെ നൊമ്പരവും,ആധുനികതയുടെ താളവും നെഞ്ചിലേറ്റി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു.
Muhammed Nafih U P
3rd Economics
Comments
Post a Comment