Totto-Chan: The Little girl at the window
ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു ടോട്ടോചാൻ, ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ. ഇതിൽ ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ തന്റെ തന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളായാണ് വിവരിച്ചിരിക്കുന്നത്.
ടോട്ടോചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നിൽക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്.
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഈ പുസ്തകം ലോകമെമ്പാടുമുള്ള ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്തിരിക്കുന്നത് അന്‍വര്‍ അലിയാണ്.
തെത്സുകോ കുറോയാനഗി തന്‍റെ മറക്കാനാവാത്ത കുട്ടിക്കാല അനുഭവങ്ങളെ അതിന്‍റെ നിഷ്‌കളങ്കത ഒട്ടും ചോര്‍ന്നുപോകാതെ വരച്ചിടുകയാണ് ഈ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്.
ഒരു കുട്ടിയുടെ കൗതുകങ്ങളെ തീരെ മനസിലാക്കാക്കാനാവാത്ത ആദ്യ സ്‌കൂളിലെ അധ്യാപിക അവളുടെ ആകാംഷകളെയും കൗതുകങ്ങളെയും വലിയ കുറ്റങ്ങളായി അമ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ അവള്‍ക്കായി വേറെ നല്ല സ്‌കൂള്‍ കണ്ടു പിടിക്കാന്‍ കുഞ്ഞു ടോട്ടോയുടെ അമ്മ തീരുമാനിക്കുന്നു.
ആദ്യ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടാണ് കൊച്ചുടോട്ടോ അമ്മയ്ക്കൊപ്പം പുതിയ സ്കൂളിൽ ചേരാൻ എത്തിയത്. സ്കൂളിന്റെ പേര് വലിയ അക്ഷരങ്ങളിൽ എഴുതിയ കോൺക്രീറ്റ് തൂണുകളായിരുന്നില്ല പുതിയ സ്കൂളിന്. നിറയെ ഇലകളുള്ള 'വളരുന്ന തൂൺ...' കൊച്ചുടോട്ടോ ആ സ്കൂളിന്റെ പേര് വായിച്ചെടുത്തു.
ടോ-മോഗാക്വയ്ൻ!
ഇലച്ചാർത്തുകൾക്കിടയിലൂടെ കണ്ട കാഴ്ച ടോട്ടോച്ചാനെ വിസ്മയിപ്പിച്ചു. സ്കൂൾ കെട്ടിടമല്ല, ആറ് ബോഗികളുള്ള ഒരു ട്രെയിൻ. ഉപേക്ഷിക്കപ്പെട്ട ഒരു ട്രെയിനായിരുന്നു ടോമോഗാക്വയ്ൻ എന്ന, 50 കുഞ്ഞുങ്ങൾ മാത്രം പഠിക്കുന്ന ആ സ്കൂൾ. ട്രെയിനിലെ ടിക്കറ്റ് എക്സാമിനറെ പോലെ ടോമോ ട്രെയിൻ സ്കൂളിന് ഒരു പ്രധാനാധ്യാപകനും, കൊബായാഷി മാസ്റ്റർ. ഒരു തീവണ്ടിയിലെ ടോട്ടോച്ചാന്റെ സഹയാത്രികരായി ഒമ്പത് പേരും.
സ്കൂൾ കെട്ടിടം ട്രെയിൻ ആയത് പോലെ തന്നെ വ്യത്യസ്തമായിരുന്നു ടോമോഗാക്വെയ്നിലെ അധ്യയനവും. ഓരോ വിദ്യാർത്ഥികൾക്കും ഇഷ്ടമുള്ള വിഷയം ആദ്യം പഠിച്ചുതുടങ്ങാം. ഒരാൾക്ക് ഭാഷയിൽ നിന്ന് തുടങ്ങാം. മറ്റൊരാൾ തുടങ്ങുന്നത് കണക്കിൽ നിന്ന്, ഓരോ വിദ്യാർത്ഥിയുടേയും സഹജമായ താത്പര്യം, അവരുടെ ചിന്ത വികസിക്കുന്നത് എങ്ങനെ എന്നൊക്കെ കണ്ടെത്താനുള്ള നല്ല മാതൃകയായിരുന്നു കൊബായാഷി മാസ്റ്റർ സ്കൂളിൽ അവലംബിച്ചിരുന്നത്. ടെൻഷൻ ഇല്ലാത്ത, ഹോം വർക്ക് ഇല്ലാത്ത സ്കൂൾ
''കടലിൽ നിന്നൊരു പങ്ക്, മലയിൽ നിന്നൊരു പങ്ക് '' കൊബായാഷി മാസ്റ്ററുടെ പ്രയോഗമാണത്. കുഞ്ഞുങ്ങളുടെ സമീകൃതാഹാരക്രമത്തെ എത്രയോ ലളിതമായാണ് ആ അധ്യാപകൻ വിശദീകരിക്കുന്നത്. ലൈബ്രറിക്ക് വേണ്ടി പുത്തൻ തീവണ്ടി ബോഗി എത്തുന്നതും മധ്യവേനലവധിക്കാലത്ത് ടെന്റ് കെട്ടി കുട്ടികൾ ഒന്നിച്ച് താമസിച്ചതും 'ടോട്ടോച്ചാൻ, ജനാലക്കരികിലെ വികൃതിക്കുട്ടി' എന്ന ആത്മകഥയിലുണ്ട്.
എന്തു വികൃതി കാണിച്ചാലും 'നോക്ക് ടോട്ടോചാൻ, നേരായിട്ടും നീ ഒരു നല്ലകുട്ട്യാ' എന്നുപറയുന്ന മാസ്റ്ററുടെ മന്ത്രികശിക്ഷണത്തിലൂടെയാണ് ടോട്ടോചാൻറെ പിന്നീടുള്ള വളർച്ച. ആ സ്കൂൾ വിദ്യാഭ്യാസും നൈസർഗികതയുമാണ് വെറും ടോട്ടോചാനെ ലോകമറിയുന്ന തെത്സുകോ കുറേയാഗനി ആക്കി മാറ്റിയത്.
ടോട്ടോചാന്‍ നല്ലൊരു വായന സമ്മാനിക്കും എന്നു തീർച്ചയാണ്, കാരണം ആരാണ് വീണ്ടും ഒരു കൊച്ചുകുട്ടിയാകാന്‍ ആഗ്രഹിക്കാതിരിക്കുക!!
Comments
Post a Comment