1951-ലെ ഒരു പകൽ
അയർലൻഡിലെ വെക്സ്ഫോർഡിലുള്ള നദിക്കരയാണ് രംഗം. എഞ്ചിനീയറായ ഹഗ് ബീവറും സംഘവും പക്ഷിവേട്ട നടത്തിക്കൊണ്ടി രിക്കുകയാണ്. അതിനിടയിൽ അവരുടെ തോക്കിൻ കുഴലുകളെ വെട്ടിച്ച് ആകാശത്തിലൂടെ ഒരുപറ്റം പറവകൾ മിന്നൽ വേഗത്തിൽ കടന്നുകളഞ്ഞു. ഗോൾഡൻ പ്ലവർ എന്ന ഒരിനം പക്ഷികളായിരുന്നു അത്. അതുകണ്ട് സംഘത്തിലെ ഒരാൾ പറഞ്ഞു: ' യൂറോപ്പിലെ ഏറ്റവും വേഗതയുള്ള പക്ഷികൾ ഇവ തന്നെ അപ്പോൾ മറ്റൊരാൾ ചോദിച്ചു : അതെങ്ങനെ ഉറപ്പിച്ചു പറയും അതേച്ചൊല്ലി അവർ തമ്മിൽ തർക്കമായി.ഇതെല്ലാം കേട്ട് സർ ബീവർ ഇങ്ങനെ ചിന്തിച്ചു: ' വേഗതയുടെ കാര്യത്തിൽ ഒന്നാമനായ പക്ഷി എതെന്നാണ് ഇപ്പോഴത്തെ സംശയം. ഇതുപോലെ ഓരോ കാര്യത്തിലും ഒന്നാമന്മാരായവരെപ്പറ്റി അറിയാൻ ആളുകൾക്ക് ആകാംക്ഷയുണ്ടാകില്ലേ ? അക്കാര്യം കൃത്യമായി അറിയാൻ ഒരു സംവിധാനം വേണം. 'അങ്ങനെയാണ് ലോകറെക്കോഡുകൾ രേഖപ്പെടുത്താനുള്ള ഒരു പുസ്തകം ഇറക്കാൻ ഹഗ് ബീവർ തീരുമാനിക്കുന്നത്. ഇതിനായി 1954-ൽ 'ഗിന്നസ് വേൾഡ് റെക്കോഡ്സ് ലിമിറ്റഡ് ' എന്ന ഒരു കമ്പനിക്ക് അദ്ദേഹം രൂപം കൊടുത്തു. ലണ്ടനിൽ വിവരശേഖരണ ഏജൻസി നടത്തുന്ന നോറിസ് (Noris), മാക് വേർട്ടർ (Mc Whirter) എന്നീ മിടുക്കന്മാരെയാണ് പുസ്തകമിറക്കുന്ന ജോലി ഏൽപിച്ചത്.അവർ ആ ജോലി ഭംഗിയായി നിർവഹിച്ചു.1955 ആഗസ്റ്റ് 27-ന് 197 പേജുള്ള ദി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്' തയ്യാറായി. ഇതിന്റെ ആദ്യപതിപ്പ് തന്നെ വൻ വില്പനയായിരുന്നു .ഡിസംബറോടെ ബ്രിട്ടനിലെ ആ വർഷത്തെ ടോപ് ബെസ്റ്റ് സെല്ലർ ആവാനും ഗിന്നസ് ബുക്കിന് കഴിഞ്ഞു. പിറ്റേവർഷം 70,000 കോപ്പിയാണ് അമേരിക്കയിൽ വിറ്റഴിഞ്ഞത്.ഗിന്നസ് ബുക്ക് ഹിറ്റ് ആയതോടെ അത് വർഷം തോറും പുറത്തിറക്കാൻ തുടങ്ങി. പിന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങൾ, ടി.വി. ഷോകൾ, ലോകത്തിന്റെ പല ഭാഗങ്ങളിൽ തുറന്ന ഗിന്നസ് മ്യൂസിയങ്ങൾ.. എല്ലാം ഗിന്നസ്സിന് വൻ പ്രചാരം നേടിക്കൊടുത്തു. ഗിന്നസ് ബുക്കിന്റെ തുടക്കക്കാരനായ ഹഗ്ഗ് ബീവർ ബ്രിട്ടനിലെ അറിയപ്പെടുന്ന എഞ്ചിനീയറായിരുന്നു. പിന്നീട്, ആർതർ ഗിന്നസ് എന്നയാൾ സ്ഥാപിച്ച ഗിന്നസ് ബ്രൂവെറീസ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഹഗ്.അക്കാലത്താണ് അദ്ദേഹം ഗിന്നസ് ബുക്കിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നത്.അതിനുള്ള സാമ്പത്തിക സഹായം നൽകിയത് ഗിന്നസ് കുടുംബമാണ്. ആ ഓർമയ്ക്കാണ് ലോകറെക്കോഡുകളുടെ പുസ്തകത്തിന് 'ദി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ്' എന്ന പേര് നൽകിയത്.ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോഡികൾ സ്വന്തമാക്കിയ ആൾ ന്യൂയോർക്കുകാരനായ അഷിത ഫേമാൻ ആണ്. 1979 മുതൽ ഇതുവരെയുള്ള സമയത്തിനകം വ്യത്യസ്ത പെർഫോമൻസുകളിലൂടെ 270-ലേറെ റെക്കോഡുകളാണ് അഷിത നേടിയത്. ഇതിൽ 110 റെക്കോഡുകൾ ഇപ്പോഴും മറ്റാർക്കും ബ്രേക്ക് ചെയ്യാനുമായിട്ടില്ല
Comments
Post a Comment