പ്രളയം വിഴുങ്ങിയ കേരളം 2018
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്.
കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 14 പേരെ കാണാതായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രാഥമിക വിലയിരുത്തൽ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സം സംഭവിച്ചത്.
ദുരന്തകാരണം?
________________
ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് ദുരന്തം സംഭവിച്ചത്. അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന ആരോപണങ്ങൾ കേന്ദ്ര ജല കമ്മീഷൻ തന്നെ തള്ളിയിരുന്നു. യഥാർത്ഥത്തിൽ ഡാമുകളിലേക്ക് ഒഴുകിയെത്തിയതിൽ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് തുറന്ന് വിട്ടത്. ഒരു ഭാഗം ജലം ഡാമിൽ തന്നെ പിടിച്ചു നിർത്തുകയും അത്രത്തോളം പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കാനും സഹായകരമായി എന്നാണ് കേന്ദ്ര ജല കമ്മീഷന്റെ കണ്ടെത്തൽ. അന്തർ സംസ്ഥാന അണക്കെട്ടുകളുടെ ഏകോപനമില്ലായ്മ, ഒട്ടനവധി മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷത്തിലെ ന്യൂനമർദം എന്നിവയും ഈ പ്രളയത്തിന്റെ കാരണങ്ങളിൽ ചിലതുമാത്രമാണ്. നിലയ്ക്കാതെ പെയ്ത മഴവെള്ളത്തെ ഉൾക്കൊള്ളുവാൻ 41 നദികൾക്കോ അതിലെ 54 ജലസംഭരണികൾക്കോ സാധിച്ചില്ല. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ ചുഴലിക്കാറ്റുകളും കേരളത്തിലെ കനത്തമഴയെ സ്വാധീനിച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും ഷട്ടറുകൾ തുറക്കാൻ വൈകിയതാണ് പെരിയാറിന്റെ തീരങ്ങളെയും കൊച്ചി നഗരത്തിന്റെ ഭാഗങ്ങളെയും പൂർണമായി ജലത്തിനടിയിലാക്കിയത് എന്നാരോപണമുണ്ട്. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം കേരളം അറിയാതെ പോയതും വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂടാൻ മറ്റൊരു കാരണമായി. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂർ മുൻപു മാത്രമാണു തമിഴ്‌നാട് വിവരം പുറത്തുവിട്ടത്. ബാണാസുരസാഗർ അണക്കെട്ട് മണ്ണ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ പരമാവധി ജലനിരപ്പിൽ നിന്നും ഒട്ടും തന്നെ ജലം ഡാമിൽ നിർത്താൻ സാധ്യമല്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 2018 ജൂലൈ 15ന് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. വെള്ളം തുറന്നു വിട്ടപ്പോൾ ജലം കുത്തിയൊഴുകി വീടുകൾ തകർന്നും മറ്റും ദുരിതത്തിലായത് വയനാട്ടിലെ ഏഴ് പഞ്ചായത്തിൽ ഉള്ളവരാണ്.
മഴക്കെടുതികൾ
- 483 പേർ മരിച്ചു. കാണാതായവർ 14. പതിനാല് ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു
- വയനാട്ടിൽ മഴയും മണ്ണിടിച്ചിലും വ്യാപകമായ നാശനഷ്ടം വിതച്ചു, ചുരം ഇടിഞ്ഞ് യാത്ര തടസ്സപ്പെട്ടു
- ആഗസ്റ്റ് 28 വരെ നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങൾ സംസ്കരിച്ചു
- വ്യവസായ, വാണിജ്യ മേഖലകളിലെ നഷ്ടം ഏകദേശം 10,000 കോടി രൂപയോളം വരുമെന്നാണ് പ്രാഥമിക നിഗമനം
- നിരവധി റോഡുകൾ വെള്ളത്തിനടിയിലാവുകയും ഒലിച്ചുപോവുകയും ചെയ്തു. ഒട്ടേറെ പാലങ്ങൾ തകർന്നു
- നെടുമ്പാശ്ശേരി വിമാനത്താവളം രണ്ടാഴ്ചയോളം അടച്ചിടേണ്ടി വന്നു
- റോഡ് ഗതാഗതം സ്തംഭിച്ചതും കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയതുംമൂലം വൻതോതിൽ ഹോട്ടൽ മുറികളുടെ ബുക്കിങ് റദ്ദാക്കപ്പെട്ടു
- മൂന്നാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്തും നിർജ്ജീവമായി
- കേരള ടൂറിസത്തിന്റെ വിപണനത്തിൽ വലിയ പങ്കുള്ള ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി പോലും മാറ്റിവയ്ക്കേണ്ടിവന്നു
- പ്രളയം മൂലം സിനിമകളുടെ റിലീസിംഗ് മാറ്റിവയ്ക്കേണ്ടിവന്നു. ഇതുമൂലം 30 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഫിലിം ചേമ്പർ ചൂണ്ടിക്കാട്ടുന്നത്
-പച്ചക്കറി, വാഴ, നെല്ല്, കപ്പ, നാണ്യവിളകൾ തുടങ്ങി എല്ലാ വിളകളും നശിച്ചു
- കതിരണിഞ്ഞ ഏക്കർകണക്കിന് വയലേലകൾ കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിൽ മുങ്ങിപ്പോയി
- കുട്ടനാട്ടിലും അപ്പർ കുട്ടനാടൻ മേഖലയിലും മാത്രം ഏകദേശം 10,495 ഹെക്ടർ പ്രദേശത്തെ നെൽകൃഷി നശിച്ചു
- വിലയിടിവുകൊണ്ടു നട്ടംതിരിഞ്ഞിരുന്ന കർഷകർക്ക് ഇരട്ടപ്രഹരമായി അതിവൃഷ്ടി
- തോട്ടം മേഖലയിലെ ആകെ നഷ്ടം 800 കോടിയിലധികമാണ്. 48,000 ഹെക്ടർ തോട്ടങ്ങളെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ
- റബർ തോട്ടങ്ങൾക്കു മാത്രം ഏകദേശം 500 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി
- വൈദ്യുതി വിതരണ സംവിധാനം താറുമാറായി. 25 ലക്ഷം ആളുകളുടെ വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടു
- 28 സബ് സ്റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവർത്തനം നിർത്തിവച്ചു
- പുറമെ 5 ചെറുകിട വൈദ്യുതി നിലയങ്ങൾ വെള്ളം കയറി തകർന്നു
Muhammed Nafih U. P
Third Semester, B.A Economics
Al Shifa College of Arts and Science
Comments
Post a Comment