ഉമ്മ എന്ന ലോകം
പെട്ടെന്ന് ആലോചിക്കുമ്പോൾ ഉമ്മയെ വർണിക്കാൻ വാക്കുകൾ കുറഞ്ഞുപോകും. വർഷങ്ങളോളം രാവും പകലും അടുക്കളയുടെ ചൂടും, പണിയുടെ ക്ഷീണവും, വാക്കുകളുടെ നോവും, ഒരേ ദിനചര്യയുടെ മടുപ്പുമൊക്കെ മറന്ന് മക്കൾക്കായി എന്തും ചെയ്യാൻ തയ്യാറായിരിക്കുന്നവർക്ക് ‘ഉമ്മ’ എന്നൊരൊറ്റ വാക്ക് മാത്രമേ കണ്ടെത്തിയിട്ടുള്ളു.
ഒരേ ഒരു ദിവസം ഉമ്മ വീട്ടിലില്ലെങ്കിൽ അറിയാം ഭക്ഷണത്തിൽ ഉപ്പും മുളകും അളവിനായിരിക്കുന്നതിനേക്കാളും, വീട് വൃത്തിയായി കിടക്കുന്നതിനേക്കാളും, തുണികൾ ഉണങ്ങുന്നതിനേക്കാളും പ്രധാനം ഉമ്മയുടെ സാമിപ്യമാണെന്ന്. തന്റെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം വീടു നോക്കിനടത്തലാണെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ച ദിനംതോറും എല്ലാം പരിപാലിക്കുന്നു എല്ലാവരെയും സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ തനിക്കേൽക്കുന്ന മുറിവുകൾ മക്കളിലേക്ക് അവർ എത്തിക്കാതിരിക്കാൻ ശ്രമിക്കുന്നത്. നിസ്കാരപായയിൽ ഇരുന്നുമ്മ ചെയ്യുന്ന ദുആ അതാണ് അന്നും ഇന്നും എന്നെ ജീവിതത്തിന്റെ ട്രാക്കിൽ ഓടാൻ സഹായിക്കുന്നത്.ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതോ, പുറത്തു ജോലിയ്ക്ക് പോകാത്തതോ, ടെക്നോളജിയെ പറ്റിയൊന്നും അറിയാത്തതോ എന്റെ ഉമ്മയെ ദുർബലയാക്കില്ല കാരണം പത്തു മാസം എന്നെ കൂടെ കൊണ്ട് നടക്കുന്നവാനും, പ്രസവ വേദനയെ മല്ലിടുവാനും, ഉറക്കം വന്ന രാത്രികളെ തളർത്തുവാനും, വർഷങ്ങളായി എന്നെ പരിപാലിക്കുവാനും, സ്വന്തം രോഗങ്ങളെ പിന്തള്ളി വീട് നോക്കിനടത്തുവാനും കരുത്തുറ്റ ഒരു സ്ത്രീയ്ക്കെ കഴിയൂ!
ഞാൻ കിടന്ന വയറിനാൽ ഉണ്ടായ ബുദ്ധിമുട്ടുകൾ സഹിച്ചു, എന്റെ വിശപ്പ് എന്നിലും മുമ്പ് അറിഞ്ഞെന്നെ ഊട്ടി, പ്രസവസമയത്തെ വേദന കടിച്ചമർത്തി, ഞാനുറങ്ങുവോളം എനിക്ക് താരാട്ടു പാടിത്തന്നു, പനിയുള്ള രാത്രികളിൽ എനിക്കായി ഉറക്കമിളച്ചു, എന്റെ സംശയങ്ങൾക്ക് ഉത്തരം നൽകി, എന്റെ വളർച്ച കണ്ടാനന്ദിച്ചു, കരഞ്ഞപ്പോൾ കണ്ണീരൊപ്പി, ചിരിച്ചപ്പോൾ കൂടെ ചിരിച്ചു, ഭയപ്പെട്ടപ്പോൾ ധൈര്യം നൽകി, വീണപ്പോൾ പിടിച്ചുയർത്തി, അങ്ങനെയങ്ങനെ ജീവിതാരംഭം മുതൽ എല്ലാ ചലനത്തിലും ഉമ്മ എന്റെ കൂടെനിന്നു. ഉമ്മ മറ്റുള്ളവരെ ചിരിപ്പിക്കുന്നതിൽ മിടുക്കിയല്ലെങ്കിലും ആളുകളെ സ്നേഹിക്കുന്നതിലും വേദനിപ്പിക്കാതിരിക്കുന്നതിലും കഴിവ് തെളിയിച്ചിരിക്കുന്നു. ഭൂമിയോളം ക്ഷമിക്കുക എന്നുള്ളത് ഉമ്മാക്ക് മാത്രം കഴിയുന്ന ഒന്നാണ്.
ഇന്നീ എഴുതുന്നതിന് മറ്റൊരിക്കൽ മൂല്യം കുറയും, വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു ഉമ്മ ആകുമ്പോൾ! ഇൻ ഷാ അല്ലാഹ്,എന്റെ ഉമ്മ ഇതിലും വിലപ്പെട്ടത് ആണെന്ന് ഞാൻ തിരിച്ചറിയും. ഇത്രയും അമൂല്യം ആയൊരു സ്വത്ത് പടച്ചവൻ എനിക്ക് തന്നിട്ടും ഞാൻ അത് വേണ്ടത്ര സൂക്ഷിക്കുന്നില്ല എന്നുള്ളത് മറ്റൊരു സത്യം. ആ മുഖത്തു സന്തോഷങ്ങളിലും കൂടുതൽ സങ്കടങ്ങൾ ആണ് ഞാൻ വരുത്തിവച്ചത്.
ജീവിതം എന്നെ മുട്ടുകുത്തിച്ചപ്പോഴും, ധൈര്യം ചോർന്നു പോയിരുന്നപ്പോഴും, ജയിച്ചപ്പോഴും, ലക്ഷ്യത്തിലെത്തിയപ്പോഴും ഒക്കെ എന്റെ അരികിൽ എപ്പോഴുമുണ്ടായിരുന്ന ആൾ, എന്റെ കൂട്ടുകാരി, എന്റെ ഉമ്മ!ആ കാര്യത്തിൽ ഞാൻ അപൂർവ ഭാഗ്യവതിയാണ്. കാലാടിപ്പാടിൽ സ്വർഗ്ഗവും ഹൃദയത്തിൽ സ്നേഹവും കൊണ്ടുനടക്കുന്ന ഉമ്മ ആരെയും പോലെ എനിക്കും ജീവനാണ്!
Nishana. A
First Semester B A Economics
Al Shifa College of Arts and Science, Perinthalmanna.
Comments
Post a Comment