ലഹരി വസ്തുക്കളുടെ ഉപയോഗം
നമ്മുടെ സംസ്ഥാനം സാക്ഷരതയിലും ആരോഗ്യപരിപാലനത്തിനും ഇന്ത്യയിലെതന്നെ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു എന്ന് അഭിമാനിക്കുമ്പോൾ ലഹരിവസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്തിന്റെ സ്ഥാനം ലജ്ജാവഹമായ ഒരു വസ്തുതയാണ്.നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ വിപത്തിന്റെ പിടിയിൽ ഭാവിയുടെ പ്രതീക്ഷകൾ ആകേണ്ട വിദ്യാർഥികളും ഉൾപ്പെടുന്നു എന്ന ഭീകരാവസ്ഥക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ് ഇന്ന് നാം. മദ്യം, മയക്കുമരുന്ന്,പുകയില, കഞ്ചാവ് തുടങ്ങിയ ലഹരിപദാർത്ഥങ്ങളിൽ നിന്നുള്ള വിവിധതരം ഉൽപ്പന്നങ്ങളും, മയക്കു ഗുളികകളും ആണ് ലഹരിയുടെ സാമ്രാജ്യം. ചില മരുന്ന് വിൽപ്പനശാലകൾ ലഹരിക്കായി ദുരുപയോഗം ചെയ്യാവുന്ന മരുന്നുകൾ അനധികൃതമായി വിൽപ്പന നടത്തുന്നതായി എക്സൈസും ഡ്രഗ്സ് കൺട്രോൾ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
14 മുതൽ 30 വരെ പ്രായമുള്ളവരിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം വർധിച്ചതായി കാണുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല. അത് എന്തെന്നറിയാനുള്ള ആകാംക്ഷ, അതിൽ നിന്ന് കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ,ക്ഷീണം മാറ്റാൻ ഉത്തമം ആണെന്നുള്ള തെറ്റിദ്ധാരണ തുടങ്ങിയവയാണ് ചെറുപ്രായത്തിൽ തന്നെ ലഹരി വസ്തുക്കളിൽ അഭയം തേടുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. ആദ്യമായി ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആനന്ദവും ഉന്മേഷവും വീണ്ടും അയാളെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. ക്രമേണ അതിന് അടിമപ്പെടുകയും വിഭ്രാന്തിയിലേക്ക് താണ് പോവുകയും ചെയ്യുന്നു. സമപ്രായക്കാരേക്കാൾ കൂടുതൽ അടിമപ്പെട്ടു പോയിരിക്കുന്നത് വിദ്യാർഥികളാണ്. വരുംതലമുറക്ക് അഭിമാനം ആകേണ്ട വിദ്യാർത്ഥികൾ സമൂഹത്തിന് ഭീഷണിയാണ്. നിഷ്കളങ്കരായ കുട്ടികൾപോലും അടിമയാകുന്ന തരത്തിലുള്ള മിഠായി, ഐസ്ക്രീം പോലുള്ള ലഹരി മരുന്നുകൾ ഇന്ന് സ്കൂൾ പരിസരത്ത് വ്യാപകമാണ്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും ഒരു സാമൂഹിക വിപത്തായി പരിഗണിച്ചിരിക്കുന്ന ഇക്കാലത്ത് യുവതലമുറയെ അതിൽനിന്നും മാറ്റി നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവും കടമയുമാകുന്നു. അതിനായി നമുക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും.
• വിദ്യാലയങ്ങൾ കടുത്ത് സ്ഥിതിചെയ്യുന്ന കടകളിൽ ലഹരിപദാർഥങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ പിടിക്കപ്പെട്ടാൽ അവയുടെ ലൈസൻസ് റദ്ദാക്കുക.
• ചെറുപ്രായത്തിൽ തന്നെ ലഹരിവസ്തുക്കൾ ക്കെതിരെ കുട്ടികളിൽ മാനസിക പ്രതിരോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമായതിനാൽ എല്ലാ വിദ്യാലയങ്ങളിലും നിർബന്ധമായും ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസുകൾ പങ്കെടുപ്പിക്കുക.
• മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്ക് അത്താണിയായി വിദ്യാലയങ്ങളിൽ കൗൺസിലർമാരെ നിയോഗിക്കുക.
• മയക്കുമരുന്നുമായി പിടിക്കപ്പെടുന്ന വ്യക്തി അത് എത്ര കുറഞ്ഞ അളവിൽ ആയിരുന്നാലും ലഭിക്കുന്ന ശിക്ഷയുടെ കാലാവധിയിലും പിഴ തുകയിലും കാര്യമായ വർദ്ധനവ് വരുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യുക.
• ചികിത്സയിലൂടെ ലഹരി മുക്തി നേടിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂളുകളിലും കോളേജിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക.
ഇതെല്ലാം ചെയ്യുന്നതിലൂടെ നമ്മുടെ സമൂഹത്തെ രക്ഷിക്കാനാകും. നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്ക് സാധിക്കും.
Binsiya Sherin
Third Semester B A. Economics
Al Shifa College of Arts and Science,Perinthalmanna.
Comments
Post a Comment